കോട്ടയം: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച വിനോദസഞ്ചാരികളുടെ കാർ തോട്ടിൽ വീണു. യാത്രക്കാരെ രക്ഷപെടുത്തി. ആലപ്പുഴയിലേക്ക് വിനോദസഞ്ചാരത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളുടെ കാറാണ് കുറുപ്പുന്തറ കടവ് പാലത്തിന് സമീപം അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
4 പേരാണ് കാറിലുണ്ടായിരുന്നത്. യാത്രക്കാരെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ കാർ പൂർണമായി തോട്ടിൽ മുങ്ങിപ്പോയി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. വഴി പരിചയമില്ലാത്തതിനാൽ ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്യവേ മാപിൽ കാണിച്ചതനുസരിച്ച് വാഹനം ഇടത്തേക്ക് തിരിച്ചപ്പോൾ തോട്ടിൽ വീഴുകയായിരുന്നു. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു ഇവർ.