ഈ ദീപാവലി അവധിക്കാലം അടിച്ചു പൊളിക്കാൻ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് ഒരു ഗംഭീര ടൂർ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ചരിത്രം കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍.
ആറ് പകലുകളും അഞ്ച് രാത്രികളും നീളുന്നതാണ് ആൻഡമാൻ നിക്കോബാർ യാത്ര. ഭക്ഷണം, താമസം ഉൾപ്പെടെ ഒരാൾക്ക് 52,750 രൂപയാണ് നിരക്ക്. ഡബിള്‍ ഒക്യുപൻസിക്ക് 30,775 രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് 27,450 രൂപയുമാണ് നിരക്ക്. കുട്ടികൾക്ക് 13,550 രൂപ മുതൽ 17,000 രൂപ വരെയുമാണ് നിരക്ക്.
നവംബർ 6 മുതൽ 24 വരെ നടത്തുന്ന പ്രതിദിന ടൂറുകളിൽ ആൻഡമാനിലെ വിവിധ ദ്വീപുകളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളെ എത്തിക്കും. ഫാമിലി ആൻഡമാൻ ഹോളിഡേസ്-ഗോൾഡ് എന്നാണ് ടൂർ പാക്കേജിന്റെ പേര്.
ആദ്യ ദിനം പോർട്ട് ബ്ലെയറില്‍ നിന്നും കോർബിൻസ് കോവ് ബീച്ചിലേക്കും പിന്നീട് സെല്ലുലാർ ജയിലിലേക്കും സഞ്ചാരികളെ കൊണ്ടുപോകും. രണ്ടാം ദിവസം ബ്രിട്ടീഷ് ഭരണകാലത്ത് പോർട്ട് ബ്ലെയറിന്റെ തലസ്ഥാനമായിരുന്ന റോസ് ഐലൻഡിലേക്ക് തുടർന്ന് ജല കായിക വിനോദങ്ങൾക്ക് പ്രശസ്തമായ ബേ ഐലൻഡ് സന്ദർശിക്കും. ഇവിടെ സ്കൂബ ഡൈവിങ് പോലെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ അവസരമുണ്ട്.
മൂന്നാം ദിവസം പോർട്ട് ബ്ലെയറിൽ നിന്ന് 54 കിലോമീറ്റർ ദൂരെയുള്ള ഹാവ്ലോക്ക് ദ്വീപിലേക്ക് കടത്തുവള്ളത്തിലുള്ള യാത്ര. ഇവിടെ കാലാപത്തർ, രാധാനഗർ ബീച്ചുകളില്‍ സഞ്ചാരികളെ കൊണ്ടുപോകും. നാലാം ദിവസം നീൽ ദ്വീപിലേക്ക് ക്രൂയിസ് യാത്രയുണ്ടാകും. നാചുറൽ ബ്രിജ്, ലക്ഷ്മൺപുർ ബീച്ച് എന്നിവയും സന്ദര്‍ശിക്കും. അഞ്ചാം ദിനം പ്രശസ്തമായ ഭരത്പൂർ ബീച്ചും സന്ദർശിച്ച ശേഷം ആറാം ദിനം പോർട്ട് ബ്ലെയറില്‍ നിന്നും മടക്കയാത്ര.
പാക്കേജില്‍ എന്തൊക്കെ? താമസസൗകര്യം, എൻട്രി പെർമിറ്റുകൾ, എൻട്രി ടിക്കറ്റുകൾ, ഫെറി ടിക്കറ്റുകൾ, ഫോറസ്റ്റ് ഏരിയ പെർമിറ്റുകൾ, ഭക്ഷണം, ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഗതാഗതം, ആഡംബര നികുതികൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു.
എയർ ടിക്കറ്റ്, ടെലിഫോൺ ബില്ലുകൾ, പാനീയങ്ങൾ, പോര്‍ട്ടര്‍, ഇൻഷുറൻസ്, മദ്യം, റൂം സർവീസ്, കാമറ ചാർജ്, ഹെർബൽ മസാജ്, എലിഫന്റ് ബീച്ചിലേക്കുള്ള ഓപ്ഷണല്‍ ടൂർ, ജല കായിക വിനോദങ്ങള്‍ തുടങ്ങിയ ചെലവുകള്‍ പാക്കേജില്‍ ഉള്‍പ്പെടില്ലെന്നും ഐആർസിടി അറിയിച്ചിട്ടുണ്ട്.