ന്യൂഡല്‍ഹി : ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് കാരണം ഇസ്രയേല്‍ പരിശുദ്ധ ദിനമായി കാണുന്ന ദിവസത്തില്‍ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണം ആണെന്ന് ശശി തരൂര്‍ എംപി. അതൊരു ഭീകരാക്രമണം ആയിരുന്നു. അവര്‍ നിരപരാധികളായ ജനങ്ങളെ കൊന്നു. കുട്ടികളെയും പ്രായമായവരെയും മ്യൂസിക് ഫെസ്റ്റിവലിന് എത്തിയ യുവാക്കളെയും കൊന്നു.
ഹമാസ് ചെയ്തതിന് ഒരു ന്യായീകരണവുമില്ല. തീവ്രവാദ പ്രവര്‍ത്തനത്തെ അപലപിക്കുന്നതില്‍ തീര്‍ച്ചയായും പങ്കുചേരുന്നു. ഇസ്രയേലിന്റെ ഈ ദുഖത്തില്‍ ഒപ്പം നില്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തേയും ഞങ്ങള്‍ മനസ്സിലാക്കുന്നു.
എന്നാല്‍, അതേസമയം അദ്ദേഹത്തിന്റെ പ്രസ്താവന അപൂര്‍ണമാണെന്ന് ഞങ്ങള്‍ കരുതുന്നു. പലസ്തീനെ സംബന്ധിച്ചിടത്തോളം, ഇത് വളരെ ബുദ്ധിമുട്ടുള്ള സാഹചര്യമാണ്.
ഈ വിഷയത്തില്‍ ഇന്ത്യ കാലങ്ങളായി സ്വീകരിച്ചുവന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പലസ്തീനികളും സുരക്ഷിതമായ അതിര്‍ത്തികള്‍ക്കപ്പുറം സമാധാനത്തോടെ ജീവിക്കണം എന്നാണ് കോണ്‍ഗ്രസിന്റെയും നയം-അദ്ദേഹം പറഞ്ഞു.