ന്യൂഡല്‍ഹി : മാലിദ്വീപില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതില്‍ അന്ത്യശാസനം നല്‍കിയതില്‍ പ്രതികരണവുമായി ഇന്ത്യ. മാലിദ്വീപുമായി പരസ്പര സഹകരണത്തിനുള്ള വിശാല ചര്‍ച്ച നടക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ തരത്തില്‍ പരിഹാരത്തിനായി ശ്രമം നടക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന മാലിദ്വീപിലെ ജനങ്ങള്‍ക്കായി ചെയ്യുന്ന മാനുഷിക സഹായങ്ങള്‍, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ വിഷയത്തില്ലെല്ലാം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇന്ത്യ – മാലിദ്വീപ് ഉന്നതതല യോഗം ഇന്ന് മാലിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15-നകം പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ആവശ്യപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലു ഉന്നതതല യോഗം ഇന്ത്യയില്‍ നടക്കും. തീയതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ടൂറിസത്തെച്ചൊല്ലി മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അഞ്ചുദിവസം നീണ്ട ചൈന സന്ദര്‍ശനത്തിനുപിന്നാലെയാണ് സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാട് മാലിദ്വീപ് കടുപ്പിച്ചത്.