ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍, മേഖലയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. ഇതുമായി ബന്ധപ്പെട്ട് കാബിനറ്റ് സെക്രട്ടറി കൂടിയാലോചനകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യ സംസാരിക്കും.
മേഖലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.
വിവരങ്ങള്‍ക്കായി എംബസിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കണം. സഹായങ്ങള്‍ക്കായി + 97 23 52 26 748 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. cons1.telaviv@mea.gov.in എന്ന ഇ മെയിലിലേക്ക് സന്ദേശം അയച്ചും ബന്ധപ്പെടാവുന്നതാണ്.
ഇസ്രയേൽ – ഹമാസ് സംഘർഷം രൂക്ഷമാകുന്നെങ്കിലും ഒഴിപ്പിക്കൽ തൽകാലം വേണ്ടെന്നായിരുന്നു ഇന്ത്യ മുമ്പ് നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍, സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഒഴിപ്പിക്കൽ വേണ്ടിവന്നാൽ സജ്ജമായിരിക്കാൻ വ്യോമ – നാവിക സേനകൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.