വിഖ്യാത ഇന്ത്യൻ സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴ് നടൻ ധനുഷാണ് ഇളയരാജയായി സിനിമയിൽ വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നു. ദ കിംഗ് ഓഫ് മ്യൂസിക് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സാമൂഹിക മാധ്യമത്തിലൂടെ ധനുഷ് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ നടൻ കമൽഹാസനാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
ചിത്രത്തിൽ ധനുഷ് ആണ് ഇളയരാജയായി വേഷമിടുന്നതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകയും നിരൂപകയുമായ ലത ശ്രീനിവാസൻ ഇക്കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതേക്കുറിച്ചു ധനുഷ് യാതൊന്നും പ്രതികരിച്ചിരുന്നില്ല. ഇളയരാജയുടെ മകനും സംഗീതസംവിധായകനുമായ യുവൻശങ്കർ രാജ, ധനുഷ് അച്ഛന്റെ ജീവിത സിനിമ ചെയ്താൽ നന്നായിരിക്കുമെന്നു നേരത്തേ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇളയരാജയുടെ ജീവിതം സിനിമയാക്കുന്നത് തന്റെ സ്വപ്നമാണെന്ന് ബോളിവുഡ് സംവിധായകൻ ആർ.ബാൽകി വെളിപ്പെടുത്തിയതും വാർത്തയായിരുന്നു.