തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ ദളപതി വിജയുടെ കാറിന് കേടുപാട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് വിജയിയെ എത്തിച്ച കാറിന് കേട്പാട് സംഭവിച്ചത്. ചെന്നൈയിൽനിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം വൈകിട്ട് അഞ്ചിനാണ് തിരുവനന്തപുരത്ത് എത്തിയത്. ആഭ്യന്തര ടെർമിനലിലെത്തിയ വിജയ്യെ കാത്ത് ജനസാഗരമായിരുന്നു തമ്പടിച്ചിരുന്നത്. വൻ പോലീസ് സംഘമാണ് വിമാനത്താവളത്തിനു പുറത്ത് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഇതേതുടർന്ന് എയർപോർട്ട് റോഡിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. ബാനറുകളും ഫ്ളെക്സ് ബോർഡുകളുമായി ആരാധകസംഘം ഉച്ചമുതൽ തന്നെ വിമാനത്താവളത്തിൽ കൂടിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഏറെ പണിപ്പെട്ടാണ് താരത്തെ ഹോട്ടലിൽ എത്തിച്ചത്.
മാർച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളാണ് കേരളത്തിൽ തിരുവനന്തപുരത്ത് വച്ച് ചിത്രീകരിക്കുന്നത്. കേരളത്തിലെ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലൊകും ചിത്രീകരണം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഒരു ലൊക്കേഷനാണ്. മൂവായിരത്തോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ വച്ചാകും ഇവിടെയുള്ള രംഗം ചിത്രീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളമാകും മറ്റൊരു ലൊക്കേഷൻ. ശ്രീലങ്കയിൽ ചിത്രീകരിക്കാനിരുന്ന ഗോട്ടിൻറെ ക്ലൈമാക്സാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇളയരാജയുടെ മകളും വെങ്കട് പ്രഭുവിന്റെ കസിനുമായ ഭവതരണി കാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ശ്രീലങ്കയിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇതേത്തുടർന്നാണ് ചിത്രത്തിൻറെ ലൊക്കേഷൻ തിരുവനന്തപുരത്തേക്ക് മാറ്റിയത്.
ഇതാദ്യമായാണ് ഒരു വിജയ് ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. 14 വർഷം മുൻപ് കാവലന്റെ ചിത്രീകരണത്തിനായാണ് വിജയ് കേരളത്തിൽ വന്നിരുന്നത്. അതിന് ശേഷം പല സന്ദർഭങ്ങളിലും വിജയ് കേരളത്തിലെത്തും എന്ന ഊഹാപോഹങ്ങൾ ഉയർന്നിരുന്നെങ്കിലും അത് യാഥാർഥ്യമാവാൻ 14 വർഷം വേണ്ടിവന്നു. ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാകും ‘ഗോട്ടി’ൽ വിജയ് എത്തുക. ഇതിൽ പ്രായമായ വിജയ്യെയും ഇരുപതുകാരനായ വിജയ്യെയും കാണാം. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. അതേസമയം, ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വിജയ്യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗദരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭു ദേവ, അജ്മൽ അമീർ, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംഗി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്. നേരത്തെ വിർച്വൽ പ്രൊഡക്ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങൾ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.