
സലാല: അറബിക്കടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് കരതൊട്ടു. യെമനിലെ അല്‍ മഹ്റ പ്രവിശ്യയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്.ഒമാനിലെ ദോഫാര്‍, അല്‍വുസ്ത പ്രവിശ്യകളില്‍ കനത്ത മഴയും കാറ്റും തുടരും. മണിക്കൂറില്‍ 110 കിലോമീറ്ററാണ് നിലവില്‍ കാറ്റിന്റെ വേഗം. കാറ്റിന്റെ വേഗം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
സദാ, മിര്‍ബാത്ത്, സലാല തുടങ്ങിയ പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രിയോടെ മഴ ശക്തമായിരുന്നു. വിവിധ ഇടങ്ങളിലായി 50 മുതല്‍ 150 മി.മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്നാണ് സിവില്‍ ഏവിയേഷന്റെ മുന്നറിയിപ്പ്.ഒമാനില്‍ ഇന്ന് പൊതുഅവധിയാണ്. ചുഴലിക്കാറ്റ് രൂക്ഷമാവുകയാണെങ്കില്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനും അവശ്യസാധനങ്ങള്‍ നല്‍കുന്നിനുമടക്കം സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം തുറന്നത്. തേജ് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരടങ്ങുന്ന ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.