ഇന്നലെയായിരുന്നു തമിഴ് നടൻ ഡാനിയിൽ ബാലാജിയുടെ അപ്രതീക്ഷിതമായിട്ടുള്ള വിയോഗം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു മരണം സംഭവിച്ചത്. എന്നാൽ വിട പറഞ്ഞ സമയത്തും രണ്ട് പേർക്ക് പുതു ജീവൻ നൽകിയാണ് ബാലാജി വിടവാങ്ങിയത്. താരത്തിന്റെ അവസാന ആഗ്രഹമെന്നോണൺ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. നേത്രദാനം നടത്തുമെന്ന് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകള്‍ ദാനം തീരുമാനിച്ചത്.
ടെലിവിഷന്‍ സീരിയലിലൂടെയാണ് ബാലാജിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. തമിഴിലെ സൂപ്പർ ഹിറ്റ് സീരിയൽ ചിത്തിയിലാണ് ആദ്യമായി വേഷമിട്ടത്. ഡാനിയൽ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ബാലാജി എന്ന ഇദ്ദേഹത്തിന്റെ പേരിനൊപ്പം സീരിയലിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് നല്‍കിയത് സംവിധായകന് സുന്ദര്‍ സി. ആണ്. അങ്ങനെ ടി.സി. ബാലാജി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഡാനിയൽ ബാലാജിയെന്ന പേരു സ്വീകരിച്ചത്.
ഇതിനിടെ പ്രൊഡക്ഷൻ മാനേജറായി അദ്ദേഹം സിനിമാ രംഗത്തേക്കും ചുവടുവച്ചു. കമല്‍ഹാസന്റെ മരുതനായകം സിനിമയുടെ മാനേജറായിരുന്നു. 2002ൽ ഏപ്രിൽ മാതത്തിൽ എന്ന സിനിമയിലൂടെ അഭിനയത്തിൽ വെള്ളിത്തിരയിലേക്ക്. പിന്നാലെ ഗൗതം മേനോന്റെ കാക്ക കാക്കയില്‍ സൂര്യയുടെ സുഹൃത്തായ പൊലീസ് ഓഫിസറായി എത്തി. അതിനുശേഷം 2004ൽ ബ്ലാക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക്. വേട്ടയാട് വിളയാടിലെ സൈക്കോ വില്ലനായ അമുദൻ കരിയറിലെ വഴിത്തിരിവായി. വെട്രിമാരൻ ചിത്രം പൊള്ളാതവനിലെ വില്ലൻ കഥാപാത്രവും ബാലാജിയുടെ കരിയറിലെ നിർണായക വേഷങ്ങളിലൊന്നാണ്.
മോഹൻലാലിന്റെ ‘ഭഗവാൻ’ എന്ന സിനിമയിലും ഡാഡി കൂള്‍ എന്ന മമ്മൂട്ടി ചിത്രത്തിലും വില്ലനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാൽപതോളം ചിത്രങ്ങള്‍ ഡാനിയല്‍ ബാലാജി ചെയ്തു. മിത്രൻ ആർ. ജവഹർ സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘അറിയവൻ’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
Daniel Balaji’s final act of kindness; eyes donated, fulfilling his last wish