കാബൂൾ: അഫ്ഗാനിസ്ഥാനിൽ സംഗീത ഉപകരണങ്ങൾ കൂട്ടിയിട്ട് കത്തിച്ച് താലിബാന്. സംഗീതം “ധാര്‍മിക മൂല്യച്യുതിക്ക്’ കാരണമാകുമെന്ന പേരിലാണ് ഈ അതിക്രമം. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഗിറ്റാറും ഹാർമോണിയവും തബലയും അടക്കം ആയിരക്കണക്കിന് ഉപകരണങ്ങൾക്കാണ് തീയിട്ടത്.
കല്യാണ മണ്ഡപങ്ങൾ, വീടുകൾ എന്നിവടങ്ങളിൽ നിന്നുൾപ്പെടെ പിടിച്ചെടുത്ത സംഗീതോപകരണങ്ങളാണ് കത്തിച്ചത്. പൊതുവേദിയിൽ വച്ചാണ് സ്പീക്കറുകളും ഗിറ്റാർ, തബല, ഹാർമോണിയം എന്നിവ അടക്കമുള്ള ഉപകരണങ്ങളും തീവച്ച് നശിപ്പിച്ചത്. ജൂലൈ 19-നും സമാനമായ തരത്തിൽ പരസ്യ “സംഗീതം നശിപ്പിക്കൽ’ യഞ്ജം താലിബാൻ നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ താലിബാൻ നേതൃത്വം പ്രസിദ്ധീകരിക്കുകയും ചെയ്തു. 2021-ൽ അധികാരമേറ്റതുമുതൽ താലിബാൻ പൊതുസ്ഥലങ്ങളിൽ സംഗീതം വായിക്കുന്നത് ഉൾപ്പെടെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. താലിബാന് വീണ്ടും അധികാരമേറ്റതോടെ നിരവധി സംഗീതജ്ഞര്‍ അഫ്ഗാന് വിട്ടിരുന്നു. കഴിഞ്ഞയാഴ്ച രാജ്യത്തുടനീളമുള്ള ബ്യൂട്ടി സലൂണുകള്‍ താലിബാൻ അടച്ചുപൂട്ടിയിരുന്നു.