


തൃശൂര്‍ : ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്നം തീരും. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഏകീകൃത സിവില്‍ കോഡ് ഉടന്‍തന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതു വന്നു കഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ കൊണ്ടുവരും. ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും നിലവില്‍ വരുന്നതാണ്.
കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരും. അതിന് കീഴിലാകും ക്ഷേത്രങ്ങള്‍. അത് വരാന്‍ ആകില്ല എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി.