ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയയുടെ പ്രതികരണം. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ചും സുപ്രിയ പങ്കുവെച്ചു. ആടുജീവിതം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളോട് കൂടിയാണ് കുറിപ്പ്.
‘നാളെ അവസാനിക്കാൻ പോകുന്ന പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? 2006 നവംബർ മുതൽ പൃഥ്വിയെ എനിക്കറിയാം, 2011 മുതൽ അദ്ദേഹത്തെ വിവാഹം കഴിച്ച് ഒപ്പമുണ്ട്. ഇക്കാലയളവിൽ നിരവധി സിനിമകളിലൂടെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്ന് കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന പൃഥ്വിയെ ഞാൻ കണ്ടിട്ടുണ്ട്, നിങ്ങൾ വിശന്നിരിക്കുന്നതും നിങ്ങളുടെ ഭാരം കുറയുന്നതും ഞാൻ കണ്ടു. നിങ്ങൾ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു.
മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമർപ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉൾക്കൊണ്ട് സ്ക്രീനിലെത്തിക്കാൻ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങൾ നിലകൊണ്ടു. ഇന്ന് നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിച്ച ആത്മസമർപ്പണം എൻ്റെ കണ്ണിൽ സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സ്നേഹവും ആശംസയും നേരുന്നു. എന്റെ കണ്ണിൽ നിങ്ങൾ എന്നും എപ്പോഴും ഗോട്ട് (G.O.A.T) ആണ്’, സുപ്രിയ മേനോൻ കുറിച്ചു.
നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് ആടുജീവിതത്തിൽ എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008-ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.