ന്യൂയോര്‍ക്ക് : ബഹിരാകാശത്ത് സുനിത വില്യംസ് ഇത്തവണ പുതുവർഷത്തെ വരവേൽക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോ തവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും ആണ് കാണാനാവുക.
ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഐഎസ്എസ് (അന്താരാഷ്ട്ര ബഹിരാകാശ നിലയം). ഒരു ദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതിനാല്‍ ഐഎസ്എസിലുള്ളവര്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. ബഹിരാകാശത്ത് ക്രിസ്മസ് ആഘോഷിക്കുന്ന സുനിതയുടെ വിഡിയോയും മുൻപ് നാസ പുറത്തുവിട്ടിരുന്നു.
2024 ജൂണിലായിരുന്നു സുനിത വില്യംസ് ബഹിരാകാശത്ത് എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാർലൈനർ സ്പേസ്ക്രാഫ്റ്റിൽ ഭൂമിയിൽ നിന്നു പോയ സുനിതയും സഹപ്രവർത്തകനും സാങ്കേതിക കാരണങ്ങളാൽ കുടുങ്ങിപ്പോവുകയായിരുന്നു. 2025 മാർച്ചിൽ സുനിത ഭൂമിയിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.