ശരിയായി ഉറങ്ങിയില്ലെങ്കിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചേക്കുമെന്ന് പഠനം. നാലിലൊരാൾക്ക് എന്ന നിലയിൽ ബാധിക്കുന്ന ഈ രോഗത്തിനുപിന്നിൽ ഉറക്കക്കുറവും കാരണമാണെന്ന് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ പറഞ്ഞു. ലക്ഷണങ്ങളില്ലാത്തതിനാൽ തന്നെ ഇതിനെ നിശബ്ദ മഹാമാരിയെന്നാണ് പറയുന്നതെന്നും അദ്ദേഹം പറയുന്നു.
അമിതമായ മദ്യോപയോഗമാണ് ഫാറ്റി ലിവറിലേക്ക് നയിക്കുന്നത്. എന്നാൽ മദ്യമല്ലാതെ അമിതവണ്ണം പോലുള്ള മറ്റുകാരണങ്ങളാൽ കരളിന്റെ ആരോഗ്യം നശിക്കുന്ന അവസ്ഥയാണിത്. 25 ശതമാനം മുതൽ 33 ശതമാനം വരെയാളുകളെ ഫാറ്റിലിവർ ബാധിക്കുന്നതായി പലപഠനങ്ങളും പറയുന്നുണ്ട്. പക്ഷേ മിക്കയാളുകൾക്കും ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതാണ് വെല്ലുവിളിയെന്ന് അദ്ദേഹം പറയുന്നു. പ്രത്യേകിച്ച് രോഗത്തിന്റെ ആദ്യകാലങ്ങളിൽ യാതൊരു ലക്ഷണങ്ങളും പ്രകടമായേക്കില്ല. ചിലരിൽ അമിതക്ഷീണം, ഓർമക്കുറവ്, അടിവയറുവേദന തുടങ്ങിയവ ഉണ്ടായേക്കാം. ചികിത്സിക്കാതിരുന്നാൽ ലിവർ സിറോസിസ്, ലിവർ കാൻസർ പോലുള്ള അവസ്ഥകളിലേക്കും നയിക്കാം.
ഉറക്കക്കുറവുണ്ടാകുന്നത് വണ്ണംവെക്കാനും, വിശപ്പ് വർധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ നില തകരാറിലാകാനും കാരണമാകും. ഇൻസുലിൻ പ്രതിരോധവും കരളിൽ കൊഴുപ്പടിയുന്നതും തമ്മിൽ വലിയ ബന്ധമുണ്ട്. ഉറക്കക്കുറവുമൂലമുണ്ടാകുന്ന സമ്മർദം ഉപാപചയ പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യും- ക്ലീവ്ലാൻഡ് ക്ലിനിക്സിലെ രജിസ്ട്രേഡ് ഡയറ്റീഷ്യനായ ക്രിസ്റ്റിൻ കിർക്പാട്രിക് പറയുന്നു. വണ്ണം കുറയ്ക്കുന്നതിനൊപ്പം ഉറക്കം കൂടി ശരിയാക്കിയാലേ രോഗപ്രതിരോധം സാധ്യമാകൂ എന്നും അവർ പറയുന്നു.