ധാക്ക : സർക്കാർ ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായത്തെച്ചൊല്ലിയുള്ള അക്രമത്തിൽ 39 പേർ കൊല്ലപ്പെട്ടു. വിദ്യാർത്ഥി പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും സർക്കാർ അനുകൂല വിദ്യാർത്ഥി പ്രവർത്തകരും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലും വ്യാപക അക്രമവുമാണ് ബംഗ്ളാദേശിൽ അരങ്ങേറുന്നത്. രാജ്യത്ത് ആകമാനം ഗതാഗതം തടസപ്പെടുത്താൻ വിദ്യാർത്ഥികൾ ശ്രമിച്ചപ്പോൾ തലസ്ഥാനമായ ധാക്കയിൽ ഉൾപ്പെടെ പൊലീസും പ്രതിഷേധക്കാരും വടികളും പാറകളും ഉപയോഗിച്ച് ഏറ്റുമുട്ടി.
വ്യാഴാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇന്ന് ബംഗ്ലാദേശിലെ ധാക്കയിലെ തെരുവുകൾ വിജനമായാണ് കാണപ്പെടുന്നത്. ബംഗ്ലാദേശ് ടിവി വാർത്താ ചാനലുകൾ വെള്ളിയാഴ്ച പ്രക്ഷേപണം ചെയ്യുന്നില്ലെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.ഇന്റർനെറ്റ് കണക്ഷനും വ്യപകമായി തടസപ്പെട്ടു. വിദ്യാർത്ഥി പ്രതിഷേധക്കാർ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിൻ്റെ കെട്ടിടത്തിന് തീയിട്ടു. നിരവധി പൊലീസ് പോസ്റ്റുകളും വാഹനങ്ങളും മറ്റ് സ്ഥാപനങ്ങളും കത്തിച്ചു. ഒന്നിലധികം അവാമി ലീഗ് പ്രവർത്തകരെയും വിദ്യാർത്ഥികൾ ആക്രമിച്ചു. 1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കായി 30 ശതമാനം സർക്കാർ ജോലികൾ നീക്കിവയ്ക്കുന്നത് ഷെയ്ഖ് ഹസീന സർക്കാർ അവസാനിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു. ഈ വർഷം ആദ്യം പ്രധാനമന്ത്രി ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭമാണ് ഇത് .
കഴിഞ്ഞ മാസം അവസാനത്തോടെയാണ് പ്രതിഷേധം ആരംഭിച്ചത്. എന്നിരുന്നാലും, തിങ്കളാഴ്ച ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥി പ്രവർത്തകർ പോലീസുമായും ഭരണകക്ഷിയായ അവാമി ലീഗിൻ്റെ പിന്തുണയുള്ള എതിർപ്രക്ഷോഭക്കാരുമായും ഏറ്റുമുട്ടിയതോടെ ഇത് രൂക്ഷമായി.സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിൻ്റെ അനുഭാവികൾക്ക് പ്രയോജനം ചെയ്യുന്നതിനാണ് ക്വാട്ട സമ്പ്രദായം രൂപപ്പെടുത്തിയതെന്ന് പ്രതിഷേധക്കാർ വാദിക്കുന്നു. അവർ അതിനെ ഒരു വിവേചനപരമായ സമ്പ്രദായം എന്ന് വിളിക്കുകയും അത് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. 2018ൽ ബംഗ്ലാദേശ് സർക്കാർ ഈ ക്വാട്ടകൾ റദ്ദാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി അവ പുനഃസ്ഥാപിച്ചു. 2018ൽ സർക്കാർ നിർത്തലാക്കിയ ക്വാട്ട പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഓഗസ്റ്റ് 7ന് ബംഗ്ലാദേശ് സുപ്രീം കോടതി പരിഗണിക്കും.