കാരക്കാസ് : വെനിസ്വേലയുടെ പ്രതിപക്ഷ നേതാവ് എഡ്മുണ്ടോ ഗോണ്‍സാലസ് രാജ്യം വിട്ടു. ജൂലൈയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപിച്ച് വെനിസ്വേലന്‍ സര്‍ക്കാര്‍ ഗോണ്‍സാലസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയതിനെ തുടര്‍ന്ന് ജൂലൈ 30 മുതല്‍ ഗോണ്‍സാലസ് ഒളിവിലായിരുന്നു. പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയെ മത്സരത്തില്‍നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഗോണ്‍സാലസ് സ്ഥാനാര്‍ഥിയായത്. 52 ശതമാനം വോട്ടുകള്‍ നേടി മദൂറോ വിജയിച്ചതായി നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചതോടെ ഗോണ്‍സാലസ് വിമര്‍ശനവുമായി രംഗത്തെത്തി.
ഗോണ്സാലസിന് അഭയം നല്‍കുമെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു. സ്പാനിഷ് സൈനിക വിമാനത്തില്‍ ഗോണ്‍സാലസ് യാത്ര തിരിച്ചിട്ടുണ്ടെന്നും വെനിസ്വേലക്കാരുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്പെയിന് പ്രതിജ്ഞാബദ്ധമാണെന്നും നേരത്തെ അല്‍ബാരസ് പറഞ്ഞിരുന്നു.