സോള്‍ : ദക്ഷിണ കൊറിയയുടെ വിദേശ, സുരക്ഷാ നയങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് ഇടക്കാല പ്രസിഡന്റ് ഹാന്‍ ഡക്ക് സൂ. ദക്ഷിണ കൊറിയ-യുഎസ് സഖ്യം നിലനിര്‍ത്തുമെന്നും, മെച്ചപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും താല്‍ക്കാലിക പ്രസിഡന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ചുമതലയേറ്റതിന് പിന്നാലെ ഹാന്‍ ഡക്ക് സൂ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചിരുന്നു.
പട്ടാള നിയമം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രസിഡന്റായിരുന്ന യൂന്‍ സുക് യോലിനെ ഇംപീച്ച്മെന്റ് ചെയ്തതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക് സൂവിനെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. സൈനിക നിയമം ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രധാനമന്ത്രിയായിരുന്ന ഹാന്‍ ഡക്ക് സൂവിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ലീ ജാ മ്യുങ് വ്യക്തമാക്കി.
ഹാന്‍ ഡക്ക് സൂവിനെതിരെയും ഇംപീച്ച്മെന്റിന് മുതിര്‍ന്നാല്‍ അത് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിക്കും ഭരണ അസ്ഥിരതയ്ക്കും വഴിവെക്കുമെന്നും അതിനാല്‍ അത്തരം നടപടികളിലേക്ക് പ്രതിപക്ഷം കടക്കുന്നില്ലെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ലീ ജാ മ്യുങ് പറഞ്ഞു. രാജ്യത്തിന്റെ താല്‍പ്പര്യം പരിഗണിച്ച് പുതിയ സര്‍ക്കാരുമായി പ്രതിപക്ഷം സഹകരിക്കുമെന്നും മ്യുങ് അറിയിച്ചു. യൂന്‍ സുക് യോലിന്റെ ഇംപീച്ച്മെന്റ് നടപടിയില്‍ ഭരണഘടനാ കോടതി ഉടന്‍ തീരുമാനമെടുക്കണമെന്നും ലീ ജാ മ്യുങ് ആവശ്യപ്പെട്ടു.
യൂന്‍ സുക് യോലിന്റെ ഇംപീച്ച്മെന്റില്‍ ഭരണഘടനാ കോടതി നാളെ നടപടികള്‍ ആരംഭിച്ചേക്കും. പാര്‍ലമെന്റ് ഇംപീച്ച് ചെയ്തതോടെ യൂന്‍ സുക് യോലിന്റെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ഒമ്പത് അംഗങ്ങളുള്ള കോടതിയില്‍ 7 അംഗങ്ങള്‍ തീരുമാനം ശരിവച്ചാല്‍ യൂന്‍ സുക് യോല്‍ പുറത്താകും. യോലിന്റെ ഇംപീച്ച്മെന്റിൽ 180 ദിവസത്തിനകം ഭരണഘടനാ കോടതി അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. കോടതി ഇംപീച്ച് തീരുമാനം ശരിവെച്ചാൽ രാജ്യചരിത്രത്തിൽ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പ്രസിഡന്റാകും യോൽ. അങ്ങനെ സംഭവിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. 300 അംഗ പാർലമെന്റിൽ ഭരണകക്ഷി അംഗങ്ങൾ ഉൾപ്പെടെ 204 പേർ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ടു ചെയ്തതോടെയാണ് പ്രമേയം പാസ്സായത്.