ക്വാലാലംപൂർ : മലേഷ്യയിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് പ്രൈവറ്റ് ജെറ്റ് തകർന്നുവീണ് 10 പേർ കൊല്ലപ്പെട്ടു. ക്വാലാലംപൂരിന് സമീപത്തുള്ള സെലാംഗോർ സുൽത്താൻ അബ്ദുൾ അസീസ് വിമാനത്താവളത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ (പ്രാദേശിക സമയം) ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ആറ് സീറ്റർ ബീച്ച്ക്രാഫ്റ്റ് മോഡൽ വിമാനം സമീപത്തുള്ള റോഡിലേക്ക് പതിച്ചത്.
എൽമിനാ ടൗൺഷിപ്പിന് സമീപത്തുള്ള റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് വിമാനം തകർന്നുവീണത്. മരിച്ചവരിൽ വിമാനത്തിലെ ആറ് യാത്രികരും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ജെറ്റിന് അനുമതി നൽകിയിരുന്നതായും വിമാനത്തിൽ നിന്ന് അപായസന്ദേശമൊന്നും ലഭിച്ചിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.