ന്യൂയോർക്ക് : യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ (ഇന്ത്യൻ സമയം പകൽ 11.30) ആണ് സംഭവം. സിംഗപ്പുർ കമ്പനിയായ ഗ്രേസ് ഓഷ്യൻ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപെട്ടത്. സിനർജി മറൈൻ ഗ്രൂപ്പിനാണ് കപ്പലിന്റെ മേൽനോട്ട ചുമതല. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു.
അപകടത്തെതുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് വീണതായാണ് റിപ്പോർട്ട്. ഇരുപതോളം പേർ വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കപ്പലിന്റെ മുകളിലേക്കാണു പാലം തകര്‍ന്നുവീണത്. കപ്പലില്‍ ഉള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. മേരിലാൻഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട തുറമുഖ നഗരമായ ബാർട്ടിമോറിൽ പറ്റാപ്സ്കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം.
കപ്പലിന് ചുറ്റുമുള്ള ജലത്തിൽ വലിയ അളവിൽ ഡീസൽ കലർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മേരിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ വെസ് മൂർ അറിയിച്ചു. കപ്പലിടിച്ച് പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബാൾട്ടിമോർ മേയർ ബ്രാൻഡൺ സ്കൂട്ട്, ബാൾട്ടിമോർ കൗണ്ടി എക്സിക്യൂട്ടീവ് ജോണി ഒൽസെവ്സ്കി എന്നിവർ രക്ഷാപ്രവർത്തനം നടക്കുന്നതായി അറിയിച്ചു. അപകടത്തിൽപെട്ടവർക്കായി പ്രാർഥിക്കാൻ ഒൽസെവ്സ്കി എക്സിലൂടെ അഭ്യർഥിച്ചിട്ടുണ്ട്. എഫ്ബിഐ ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെപ്പറ്റി വിദഗ്ധ പരിശോധന ആരംഭിച്ചു.