ഇസ്ലാമാബാദ് : പാകിസ്ഥാന് മുസ്ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ് (72) വീണ്ടും പ്രധാനമന്ത്രി. ദേശീയ അസംബ്ലിയാണ് ഷഹബാസ് ഷരീഫിനെ പാക് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ദേശീയ അസംബ്ലിയില്‍ ഇന്നു നടന്ന വോട്ടെടുപ്പില്‍ 201 അംഗങ്ങള്‍ ഷഹബാസ് ഷരീഫിനെ പിന്തുണച്ചു. എതിര് സ്ഥാനാര്‍ഥിയായ പിടിഐയിലെ ഒമര്‍ അയൂബ് ഖാന് 92 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
രണ്ടാം തവണയാണ് ഷഹബാസ് ഷരീഫ് പാകിസ്ഥാന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. മൂന്നു തവണ പാകിസ്ഥാന് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
പാകിസ്ഥാന് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിര്‍ദേശം. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി നവാസ് ഷരീഫിന്റെ മകള്‍ മറിയം നവാസ് തിങ്കളാഴ്ച അധികാരമേറ്റിരുന്നു. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം ഷഹബാസിനെ പ്രഖ്യാപിച്ചത്.