മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം ഭാഗത്തിന്റെ വരവറിയിച്ചത്. വാഗ്ദാനം നിറവേറ്റുന്നുവെന്നാണ് സംവിധായകൻ പോസ്റ്റിന് കൊടുത്ത വിവരണം. പാപ്പൻ സിൻഡിക്കേറ്റ് വരാർ എന്നും കുറിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ കട്ട വെയ്റ്റിംഗ് എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. ജയസൂര്യയും വിജയ് ബാബുവും മിഥുൻ മാനുവൽ തോമസും ആടിനെ പിടിച്ച് കൊണ്ട് നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. ആദ്യ രണ്ട് പതിപ്പിൽ നിന്ന് വ്യത്യസ്തമായി കട്ടത്താടിയുമായിട്ടാണ് ജയസൂര്യയുടെ വരവ്. ഏകദേശം 40 കോടി മുതൽ മുടക്കിലൊരുങ്ങുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിർമാണ സംരംഭമാകും ആട് 3.
2015ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയറ്ററുകളിലെത്തുന്നത്. മലയാളത്തിൽ ഇതുവരെ കാണാത്ത നർമ രംഗങ്ങളും അവതരണശൈലിയുമായി എത്തിയ സിനിമ തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ല. തിയറ്ററുകളിൽ പരായജയപ്പെട്ടെങ്കിലും ടോറന്റിലും ടെലിവിഷനിലും പ്രേക്ഷകപ്രീതി നേടി.
തുടർന്ന് ഈ ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിർമാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാൻ തീരുമാനിച്ചതും. അങ്ങനെ 2017ൽ ആട് 2 എത്തി. മലയാളസിനിമയിൽ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പർഹിറ്റായി മാറിയത്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ കഥാപാത്രങ്ങളും വീണ്ടുമെത്തുകയാണെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു.