പാലക്കാട്: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റതിന് ഒരുവർഷത്തിനിടെ നടപടി നേരിട്ടത് 342 സ്ഥാപനങ്ങൾ. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ അമൃത്’ എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് വ്യാപക നടപടി. ചില ഫാർമസികളുടെയും മെഡിക്കൽ ഷോപ്പുകളുടെയും ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്. നാനൂറിലധികം സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.
2023 ജൂൺ മുതലാണ് സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോളർ നിയോഗിച്ച പ്രത്യേക സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചത്. 2023-ൽ 342 കേസുകളും 2024-ൽ 52 കേസുകളും രജിസ്റ്റർ ചെയ്തു. കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിൽക്കുന്ന സ്ഥാപനത്തിന് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിലാണ് ലൈസൻസ് റദ്ദ് ചെയ്യുക.