തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധ വേണം. ചിക്കൻ പോക്സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
ഇതുവരെ ചിക്കൻ പോക്സ് വരാത്തവർക്കോ, വാക്സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാൻ സാധ്യതയുണ്ട്. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതൽ 21 ദിവസം വരെ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനിൽക്കുന്ന കുമിളകളാകും. നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.
4 ദിവസത്തിൽ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളിൽ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛർദി, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങൾ കാണുന്നെങ്കിൽ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കൻ പോക്സിന്റെ സങ്കീർണതകളായ ന്യുമോണിയ, മസ്തിഷ്കജ്വരം, കരൾ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാൽ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.