കൊച്ചി : കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിന്‍ കൊച്ചിയില്‍ വന്‍വരവേല്‍പ്പ്. ഞായറാഴ്ച ഉച്ചയോടെയാണ് ബോള്‍ഗാട്ടി കായലിലാണ് സീ പ്ലെയിന്‍ ഇറങ്ങിയത്. നാളെയാണ് പരീക്ഷണപ്പറക്കല്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സര്‍വീസ്. രാവിലെ 9.30ന് വിമാനം, മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.
ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കരയിലും വെള്ളത്തിലുമിറങ്ങാന്‍ കഴിയുന്നതും പറന്നുയരുന്നതുമായ ചെറുവിമാന സര്‍വീസുകള്‍ നടത്തി വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സര്‍വീസ് നടത്തുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുക. വലിയ ജനാലകളുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് മികച്ച ആകാശക്കാഴ്ച വിമാനയാത്ര സമ്മാനിക്കും.
വിനോദമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് വിലയിരുത്തല്‍. അതൊടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനും മെഡിക്കല്‍ എമര്‍ജന്‍സിക്കും സീ പ്ലെയിന്‍ സഹായകമാകും. ബോള്‍ഗാട്ടിയിലെത്തിയ സീ പ്ലെയിന്‍ ക്യാബിന് ക്രൂവിനും പൈലറ്റിനും വലിയ സ്വീകരണമൊരുക്കിയത്. ഇന്ന് രാവിലെ പതിനൊന്നേ കാലോടെ വിജയവാഡയില്‍ നിന്നാണ് കൊച്ചിയിലേക്കുള്ള സീ പ്ലെയിന്‍ പറയുന്നയര്‍ന്നത്
സീ പ്ലെയിന്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ മാലദ്വീപിനു സമാനമായ ടൂറിസം കേന്ദ്രമായി കേരളം മാറുമെന്ന് ട്രാന്‍സ്പോര്‍ട്ട്, ഏവിയേഷന്‍ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. എയര്‍ സ്ട്രിപ്പ് പോലും സാധ്യമാകാത്ത ഇടുക്കിയില്‍ തിങ്കളാഴ്ച ആദ്യ വിമാനമിറങ്ങാന്‍ പോകുന്നത് അതിന് ഉദാഹരണമാണ്. നദികള്‍, കായലുകള്‍, ഡാമുകള്‍ എന്നിവ ഉപയോഗപ്പെടുത്തി എല്ലാ ജില്ലകളെയും പ്ലെയിന്‍ മുഖാന്തരം ബന്ധപ്പെടുത്താന്‍ സാധിക്കും.ഇതുവഴി റോഡ് ഗതാഗതത്തിലെ സമയനഷ്ടം ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാകും.
കേന്ദ്ര പദ്ധതിയായ റീജണല്‍ കണക്ടിവിറ്റി സ്കീം ‘ഉഡാന്റെ’ (യു.ഡി.എ.എന്‍.) കീഴില്‍ സിയാലും ബോള്‍ഗാട്ടി പാലസും കേന്ദ്രമാക്കി ആദ്യഘട്ടത്തില്‍ പദ്ധതി വികസിപ്പിക്കാനാണ് ശ്രമം. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിനെ എട്ട് വാട്ടര്‍ ഡ്രോമുകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവളം, കുമരകം, ബാണാസുര സാഗര്‍, മാട്ടുപ്പെട്ടി എന്നീ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ടാണ് പരിഗണനയിലുള്ളത്.
പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്ന ജലാശയങ്ങളുടെ ലിസ്റ്റ് കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. അടുത്ത ഘട്ടമായി ഓപ്പറേറ്റര്‍മാരുമായി ലേലംവിളിച്ച് റൂട്ട് നിശ്ചയിക്കും. ആറ് മാസത്തിനുള്ളില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഹോട്ടലുകളുമായി സഹകരിച്ച് സീ പ്ലെയിന്‍ യാത്രാ പാക്കേജിന്റെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്.