ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഷങ്ഹായ് കോര്പ്പറേഷന് ഓര്‍ഗനൈസേഷന്റെ(എസ്സിഒ) ഉച്ചകോടിക്ക് മുമ്പായി സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ പാക് സര്‍ക്കാര്‍. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
സമീപകാല ഭീകരാക്രമണങ്ങളുടെയും ഇമ്രാന് ഖാന്റെ പാര്‍ട്ടി അനുയായികളുടെ രാഷ്ട്രീയ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും സുരക്ഷ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കാനാണ് പാകിസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും പതിനായിരത്തോളം പാക് സൈനികരെയും കമാന്‍ഡോകളെയും വിന്യസിച്ചിട്ടുണ്ട്. പൊലീസും മറ്റ് സുരക്ഷാ സേനകളും സൈന്യത്തിന്റെ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 12 മുതല്‍ 16 വരെ രണ്ട് നഗരങ്ങളിലും വിവാഹ ഹാളുകള്‍, കഫേകള്‍, റസ്റ്റോറന്റുകള്‍, സ്നൂക്കര്‍ ക്ലബ്ബുകള്‍ എന്നിവ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് വ്യാപാരികള്‍ക്കും ഹോട്ടല്‍ ഉടമകള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബിസിനസ്സ് നടത്തുന്നവര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പുറത്തുനിന്നുള്ളവരാരും താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഉച്ചകോടി നടക്കുന്ന ഒക്ടോബര്‍ 14, 16 തീയതികളില്‍ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.