വഴിയിരികിൽ കണ്ട പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്തതിന്റെ പേരിൽ ട്രോളുകൾക്ക് ഇരയായിരിക്കുകയാണ് ബോളിവുഡ് താരം സാറാ അലി ഖാൻ. രണ്ടുദിവസം മുമ്പാണ് ബോളിവുഡ് ഇൻസ്റ്റാ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ സാറാ റോഡരികിൽ ഭക്ഷണം വിതരണംചെയ്യുന്ന വീഡിയോ പുറത്തുവന്നത്. മുംബൈയിലെ ജൂഹുവിനടുത്താണ് സംഭവം. റോഡരികിൽ ഇരിക്കുന്ന പാവങ്ങൾക്ക് കയ്യിൽ കരുതിയ കവറുകളിൽനിന്ന് ഭക്ഷണം വിതരണംചെയ്യുകയാണ് താരം. ഇത് ചിലർ മൊബൈലിൽ പകർത്തിയതോടെ ഇവരെ സാറ ചീത്തവിളിക്കുന്നതും വീഡിയോയിലുണ്ട്.
നിരവധിയാളുകൾ വീഡിയോ ഷെയർ ചെയ്തതോടെയാണ് മലയാളികളായ ചിലർ സാറയുടെ ഈ പ്രവൃത്തിയിൽ രസകരമായ ഒരു കാര്യം കണ്ടെത്തിയത്. ജിസ് ജോയ് സംവിധാനംചെയ്ത് 2021-ൽ പുറത്തിറങ്ങിയ മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിലെ ഒരു കോമഡി രംഗവുമായിട്ടാണ് സാറയുടെ പ്രവൃത്തിയെ ഇവർ താരതമ്യപ്പെടുത്തിയിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ മോഹൻകുമാർ ഫാൻസിൽ ആഘോഷ് മേനോൻ എന്ന സൂപ്പർതാരമായെത്തിയത് വിനയ് ഫോർട്ടാണ്. ക്രിപേഷ് എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ജനസമ്മിതിക്കായി റോഡരികിൽ കഴിയുന്നവർക്ക് പർദയിട്ട് മുഖം മറച്ച് ഭക്ഷണം വിതരണം ചെയ്യാനെത്തുന്ന ആഘോഷ് മേനോനെ നാട്ടുകാർ തിരിച്ചറിയുകയും തടഞ്ഞുവെച്ച് വീഡിയോ എടുക്കുകയും ചെയ്യുന്നുണ്ട്. ശേഷം വീഡിയോ എടുക്കുന്നവർക്ക് നേരെ ആഘോഷ് പ്രതികരിക്കുന്നുമുണ്ട്. നടന്മാരും മനുഷ്യരാണെന്നും എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യണമെന്നുമുള്ള ആഘോഷിന്റെ വീഡിയോ പൊടുന്നനെ വൈറലാവുകയും ഈ ദൃശ്യം ആലിയാ ഭട്ടും രോഹിത് ശർമയും ഉൾപ്പെടെയുള്ളവർ ഇത് ട്വിറ്ററിൽ പങ്കുവെയ്ക്കുന്നതുമാണ് രംഗം. സമാനമാണ് സാറയുടെ പ്രവർത്തിയെന്ന തരത്തിലാണ് ട്രോളുകൾ വരുന്നത്. സാറയുടെ പ്രവർത്തിയെ അനുകൂലിച്ചും പരിഹസിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.