മസ്കത്ത് : ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ ‘സലാം എയർ’ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തിവെക്കുന്നത് യു.എ.ഇയിൽ നിന്നുള്ള യാത്രക്കാർക്കും തിരിച്ചടിയാകും. അടുത്തിടെ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിച്ച ഫുജൈറ വിമാനത്താവളത്തിൽ നിന്ന് സലാം എയർ വിമാനത്തിൽ നൂറുകണിക്ക് പേരാണ് മസ്കത്ത് വഴി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്നത്.
ഒക്ടോബർ ആദ്യവാരം ഫുജൈറയിൽ നിന്നും, ദുബൈയിൽ നിന്നും മസ്കത്ത് വഴി കോഴിക്കോട്ടേക്ക് കൂടുതൽ സലാം എയർ വിമാനങ്ങൾ സർവീസ് ആരംഭിക്കുന്നത് പ്രതീക്ഷിച്ചു നിൽക്കെയാണ് ഒക്ടോബർ ഒന്ന് മുതൽ മുഴുവൻ ഇന്ത്യൻ സർവീസുകളും നിർത്തുകയാണെന്ന കമ്പനിയുടെ പ്രഖ്യാപനം വന്നത്. സലാം എയർ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർക്ക് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ദുബൈയിൽ നിന്ന് ആഴ്ചയിൽ എല്ലാ ദിവസവും, ഫുജൈറയിൽ നിന്ന് ആഴ്ചയിൽ രണ്ടുദിവസവും ഒക്ടോബറിൽ സർവീസ് ആരംഭിക്കാനിരിക്കെയാണ് പിൻമാറ്റം.
ഇന്ത്യയ്ക്കും-ഒമാനുമിടയിലെ സീറ്റ് അലോക്കേഷനിലെ പ്രശ്നങ്ങളാണ് സർവീസ് നിർത്താൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സീറ്റ് അലോക്കേഷന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലേക്ക് പല വിദേശരാജ്യങ്ങളിൽ നിന്നും തിരിച്ചും വിമാന സർവീസ് നടക്കുന്നത്. നേരത്തേ ഒമാൻ എയറിന് നൽകിയ സീറ്റ് അലോക്കേഷന്റെ അടിസ്ഥാനത്തിലായിരുന്നു സലാം എയറും ഇന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നത്.
കോവിഡ് കാലത്ത് ഒമാൻ എയർ സർവീസ് നിർത്തിവെച്ച ഒഴിവിലായിരുന്നു ഇത്.എന്നാൽ, നിർത്തിവെച്ച ചില സർവീസുകൾ ഒമാൻ എയർ പുനരാരംഭിച്ചത് സലാം എയറിന്റെ സീറ്റ് അലോക്കേഷനെ ബാധിച്ചു. പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന. ടിക്കറ്റ് നിരക്ക് ഉയരുമ്പോൾ യു എ ഇയിലെ പ്രവാസികൾ ആശ്രയിച്ചിരുന്ന ബദൽ വിമാന സർവീസാണ് സലാം എയർ സർവീസ് നിർത്തുന്നതോടെ നഷ്ടമാകുന്നത്.