മോസ്കോ: യുക്രൈയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ ബെലാറൂസിന് ആണവായുധങ്ങൾ കൈമാറിയതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ യുദ്ധത്തിൽ മേൽക്കൈ നേടാനും, യുഎസിനെയും പാശ്ചാത്യ ശക്തികളെയും വിറപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം . സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മോസ്കോയുടെ പുറത്തേക്കു റഷ്യ ആണവായുധങ്ങൾ മാറ്റുന്നത് ആദ്യമാണ്.
“ആദ്യഘട്ട ആണവായുധങ്ങൾ ബെലാറൂസിനു കൈമാറിക്കഴിഞ്ഞു. ഇത് ആദ്യത്തേതു മാത്രമാണ്. വേനലിന്റെ അവസാനം, ഈ വർഷത്തിന്റെ അവസാനത്തിൽ ഞങ്ങൾ പദ്ധതി പൂർത്തിയാക്കും’-പുടിൻ പറഞ്ഞു.ജൂലൈയിൽ പ്രത്യേക സംഭരണകേന്ദ്രങ്ങൾ തയാറായശേഷം തന്ത്രപ്രധാന ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്ന് പുടിൻ നേരത്തേ പറഞ്ഞിരുന്നു. പുടിന്റെ ഉറ്റസുഹൃത്താണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂകഷെൻകോ. റഷ്യയെ സഹായിക്കാനായി കഴിഞ്ഞവർഷമാണ് ആണവായുധമുക്ത രാഷ്ട്രപദവി നീക്കി ബെലാറൂസ് ഭരണഘടനാ ഭേദഗതി പാസാക്കിയത്. യുഎസും നാറ്റോ സൈനിക സഖ്യവും യുക്രൈയ്നു പിന്തുണ അറിയിച്ചപ്പോള്തന്നെ ബെലാറൂസിലേക്ക് ആണവായുധങ്ങൾ മാറ്റുമെന്ന് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു.പാശ്ചാത്യശക്തികളും യുഎസും യുക്രെയ്നിലേക്ക് വ്യാപകമായി ആയുധങ്ങൾ എത്തിക്കുന്നെന്നാണ് റഷ്യയുടെ ആരോപണം.