മോസ്കോ: വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്ഗിനി പ്രിഗോഷിന്റെ മരണം സ്ഥിരീകരിച്ച് റഷ്യ. പ്രിഗോഷിനൊപ്പം വിശ്വസ്ഥൻ ദിമിത്രി ഉട്കിനും വിമാനത്തിലുണ്ടായിരുന്ന മറ്റ് എട്ട് പേരും കൊല്ലപ്പെട്ടു. ഏഴ് യാത്രക്കാര്ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വടക്കൻ മോസ്കോയിൽ നിന്നു സെന്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനാപകടമുണ്ടായത്. വിമാനം വെടിവെച്ചിട്ടതെന്ന രീതിയിലുള്ള പ്രചാരമുണ്ട്. എന്നാലിക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വിശ്വസ്തനായിരുന്ന പ്രിഗോഷിൻ, വാഗ്നർ കൂലിപ്പട്ടാളത്തെ യുക്രെയ്ൻ യുദ്ധമേഖലയിൽ അണിനിരത്തിയാണ് അടുത്തിടെ കുപ്രസിദ്ധി ആർജിച്ചത്.
ഏറെ വർഷങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഗ്നർ കൂലിപ്പട്ടാളം പല രാജ്യങ്ങൾക്കായി പോരാടുന്നുണ്ട്. ക്രിമിനൽ സംഘങ്ങളിലെ അംഗങ്ങളും കൊലപാതക കേസ് പ്രതികളുമാണ് വാഗ്നർ പടയിലെ പ്രധാന അംഗങ്ങൾ.
മോസ്കോയിലെ കേറ്ററിംഗ് ബിസിനസിൽ നിന്ന് പടർന്നുപന്തലിച്ച് “പുടിന്റെ പാചകക്കാരൻ’ എന്ന പേര് നേടിയ ശേഷമാണ് പ്രിഗോഷിൻ വാഗ്നറിലൂടെ സായുധസേന തലവനായത്.യുക്രെയ്നിലെ റഷ്യൻ യുദ്ധതന്ത്രങ്ങൾ പാളിയെന്ന് ആരോപിച്ച് സർക്കാരിനെ അട്ടിമറിക്കാനായി ജൂലൈ മാസത്തിൽ പ്രിഗോഷിൻ വാഗ്നർ പടയുമായി മോസ്കോയിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ അട്ടിമറിശ്രമം വാഗ്നർ പട പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
അട്ടിമറി നീക്കം നടത്തി റഷ്യയെ വിറപ്പിച്ച വിമത നേതാവിനെ ലോകം വലിയ അത്ഭുതത്തോടെയായിരുന്നു കണ്ടിരുന്നത്. കഴിഞ്ഞ ജൂണിലാണ് 25,000 അംഗങ്ങളുള്ള വാഗ്നർ കൂലിപ്പട്ടാളം മോസ്കോ ലക്ഷ്യമിട്ട് നീങ്ങിയത്.മണിക്കൂറുകളോളം റഷ്യയ്ക്കൊപ്പം ലോകത്തെയും മുൾമുനയിൽ നിർത്തിയെങ്കിലും, പിന്നീട് ഒടുവിൽ റഷ്യൻ സൈന്യത്തിനും ഭരണകൂടത്തിനും എതിരായ പോരാട്ടം അവസാനിപ്പിച്ച് അവസാനം പിന്മാറുകയായിരുന്നു.