ന്യൂയോർക്ക് : മാധ്യമ, വ്യവസായ ഭീമൻ റൂപർട്ട് മർഡോക്ക് ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. ഏഴ് പതിറ്റാണ്ടോളം അധികാരം കൈയാളിയ ശേഷമാണ് 92കാരൻ സ്ഥാനമൊഴിയുന്നത്. മകൻ ലാച്ലൻ മർഡോക്കാണ് രണ്ട് കമ്പനികളുടെ പുതിയ ചെയർമാൻ.
നവംബർ മാസത്തോടെ ചെയർമാൻ എമിരിറ്റസ് റോളിലേക്ക് മാറുമെന്നു ജീവനക്കാർക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തമായ വേഷം ഏറ്റെടുക്കാൻ സമയമായെന്നും അദ്ദേഹം കത്തിൽ പറയുന്നു.
യുഎസിൽ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിങുള്ള ടെലിവിഷൻ വാർത്താ ചാനലാണ് ഫോക്സ് ന്യൂസ്. 1996ലാണ് അദ്ദേഹം ഈ കമ്പനി ആരംഭിച്ചത്. ഇടക്കാലത്ത് ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളെ ലയിപ്പിക്കാൻ അദ്ദേഹം നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട് അതുപേക്ഷിച്ചു.
വാൾസ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് പോസ്റ്റ് മാധ്യമങ്ങളും മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിലടക്കം ലോകത്ത് വിവിധ വിഭാഗം മാധ്യമ കമ്പനികളിലും അദ്ദേഹത്തിനു പങ്കാളിത്തമുണ്ട്.