തിയറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മലയാളസിനിമ ‘രോമാഞ്ചം’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമ മലയാളിയായ സംഗീത് ശിവനാണ് ‘കപ്കപി’ എന്ന പേരിൽ ബോളിവുഡിൽ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമെത്തും.
ബ്രാവോ എൻ്റർടെയ്ൻമെന്റിന്റെ ബാനറിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമിക്കുന്നത്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിന്റെ സഹനിർമാതാവ്. സൗബിന് ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ഹൊറര്‍ കോമഡി ചിത്രമാണ് ‘രോമാഞ്ചം’. കഴിഞ്ഞ വർഷം മലയാളത്തിലെ ബ്ലോക്ബസ്റ്റർ ഹിറ്റുകളിലൊന്നായിരുന്ന ഈ സിനിമ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ജൂൺ മാസം തിയറ്ററുകളിലെത്തും.