വാഷിങ്ടൺ: വ്യായാമത്തിന്റെ ഫലം നൽകുന്ന ഗുളിക വികസിപ്പിച്ച് അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ. വ്യായാമത്തിന്റെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന മരുന്ന് എലികളിൽ പരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. വരുംകാലത്ത് മനുഷ്യരിലും ഇതുപകാരപ്പെട്ടേക്കാമെന്നാണ് ഗവേഷകർ കരുതുന്നത്.
യുവത്വം കാക്കുക, അമിതവണ്ണം തടയുക, ഹൃദ്രോഗങ്ങൾ, വൃക്കയിലെ തകരാറുകൾ തുടങ്ങിയവയെ പ്രതിരോധിക്കുക തുടങ്ങിയ ഗുണങ്ങളാണ് പ്രസ്തുത ഗുളികയ്ക്കുള്ളതെന്ന് ഗവേഷകർ പറയുന്നു. വരാനിരിക്കുന്ന അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ സമ്മേളനത്തിൽ കണ്ടെത്തൽ അവതരിപ്പിക്കാനിരിക്കുകയാണ് ഗവേഷകർ.
ഇത്തരമൊരു മരുന്ന് കണ്ടെത്തിയെങ്കിലും വ്യായാമം പാടേ ഒഴിവാക്കണമെന്ന അഭിപ്രായമല്ല ഗവേഷകർ പങ്കുവെക്കുന്നത്. വ്യായാമത്തിന് ബദൽ കൊണ്ടുവരാൻ കഴിയില്ലെന്നും അത്രമേൽ പ്രധാനമാണ് വ്യായാമമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ബഹാ എൽഗൻഡി വ്യക്തമാക്കി. വ്യായാമം ചെയ്യാൻ കഴിയുന്നവർ അതുമായി മുന്നോട്ടുപോവുകതന്നെയാണ് വേണ്ടത്. പക്ഷേ പകരം മറ്റൊരുവഴി വേണ്ടിവരുന്ന പലസാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. അത്തരക്കാരെ ഉദ്ദേശിച്ചാണ് ഈ മരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രായാധിക്യം മൂലമോ കാൻസർ ബാധിച്ചോ, ചിലതരം ജനിതക തകരാറുകൾ മൂലമോ ഒക്കെ ദിനവും വ്യായാമത്തിലേർപ്പെടാൻ കഴിയാത്തവരെ ഉദ്ദേശിച്ചാണ് ഈ ഗുളിക വികസിപ്പിച്ചതെന്നും ഗവേഷകർ പറയുന്നു. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇവ ക്ലിനിക്കുകളിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബഹാ എൽഗൻഡി പറഞ്ഞു. സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിരവധി പ്രീക്ലിനിക്കൽ ടെസ്റ്റിങ്ങുകൾ നടത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
an exercise pill that gives benefits of working out