ജറുസലേം : ഇസ്രായേലിനെതിരെയുള്ള ഹമാസിന്റെ സൈനിക നീക്കം ആരംഭിച്ചതിനെത്തുടര്‍ന്ന് ഇസ്രായേല്‍ തിരിച്ചടിച്ചു തുടങ്ങി. ഗസയില്‍ നിന്നുള്ള ആക്രമണം തുടരുന്നതിനാല്‍ റോക്കറ്റ് പ്രതിരോധ ഉപകരണങ്ങള്‍ വിന്യസിച്ചതായും ഇസ്രായേല്‍ അറിയിച്ചു. രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു.
ആക്രമണം അരമണിക്കൂറോളം ഉണ്ടായിരുന്നതായി ഇസ്രായേലും സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ വനിതക്ക് പരിക്കേറ്റു. ജനങ്ങളോട് അവരവരുടെ വീടുകളിലും ബോംബ് ഷെല്‍ട്ടറുകളിലും താമസിക്കാന്‍ ഇസ്രായേല്‍ ഭരണകൂടം നിര്‍ദേശം നല്കി. അപായ സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഓപ്പറേഷന് അല്‍-അഖ്സ സ്റ്റോം എന്ന പേരില്‍ ഇസ്രായേലിനെതിരെ സൈനിക നീക്കം ആരംഭിച്ചതായി ഹമാസിന്റെ സൈനിക നേതാവ് മുഹമ്മദ് ഡീഫ് പ്രസ്താവന നടത്തിയത്. 5000 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിട്ടതായും ഡീഫ് പറഞ്ഞു. ഇസ്രായേലിന്റെ വധശ്രമങ്ങളെ അതിജീവിച്ച ഡീഫ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ശബ്ദ സന്ദേശമായാണ് പ്രസ്താവന. ഇസ്രായേലിനെ നേരിടാന്‍ എല്ലാ പലസ്തീനികളും ഒരുങ്ങിയിരിക്കണമെന്നും ഡീഫ് പറയുന്നുണ്ട.
ഹമാസ് പോരാളികള്‍ ഇസ്രായേലിലെ റോഡുകളില്‍ റോന്തു ചുറ്റുന്ന വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്. ഗാസയില്‍ നിന്ന് നുഴഞ്ഞു കയറ്റം നടക്കുന്നതായാണ് ഇസ്രായേല്‍ ഭരണകൂടം വ്യക്തമാക്കുന്നത്. ഇസ്രായേല്‍ സൈനികരെ തടവിലാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു.