ആരാധകരെ ആവേശത്തിലാക്കി പുതിയ സിനിമയിലെ രജനിയുടെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമക്ക് താല്ക്കാലികമായി തലൈവർ 171 എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വർണനിറമുള്ള ഫ്രെയിമുള്ള ഗ്ലാസ് ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും വിലങ്ങെന്നപോലെ സ്വർണവാച്ചുകൾകൊണ്ട് ബന്ധിച്ചിരിക്കുന്നതായും കാണാം. സിനിമയുടെ പേര് ഈ വരുന്ന ഏപ്രിൽ 22-ന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനവും അൻബറിവ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തേക്കുറിച്ചുള്ള മറ്റുവിവരങ്ങൾ അറിവായിട്ടില്ല. ജയ് ഭീം സംവിധായകൻ ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയൻ എന്ന ചിത്രമാണ് സൂപ്പർതാരത്തിന്റേതായി ഉടൻ റിലീസാവുന്ന ചിത്രം.