രജനികാന്തിന്റെ തന്നെ പഴയകാല കഥാപാത്രങ്ങളായ മുത്തുവിനെയും പാണ്ഡ്യനെയും ഓർമിപ്പിച്ചുകൊണ്ട് ‘ജയിലറും’ ‘ടൈഗർ മുത്തുവേൽ പാണ്ഡ്യനും’ തിയേറ്ററുകൾ കീഴടക്കുകയാണ്. ‘ബീസ്റ്റി’ന്റെ സമ്മിശ്ര പ്രതികരണത്തിന് ശേഷം കരിയറിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്ന നെൽസൺ ദിലീപ് കുമാറിന്റെ ശക്തമായ തിരിച്ചുവരവും വിമർശകർക്കുള്ള മറുപടിയുമാണ് ‘ജയിലറി’ന് ഇപ്പോൾ ലഭിക്കുന്ന വലിയ സ്വീകാര്യത.
വിജയ് ചിത്രം കാര്യമായ ഓളം സൃഷ്ടിക്കാതെ കടന്നുപോയിട്ടും രജനികാന്ത് ചിത്രത്തില്‍ ആരാധകർ അർപ്പിച്ച പ്രതീക്ഷകൾ ഏതായാലും അസ്ഥാനത്തായില്ല. കഴിഞ്ഞ ചിത്രത്തിലേറ്റ പേരുദോഷം അപ്പാടെ മാറ്റിയെടുക്കും ‘ജയിലറി’ന്റെ തിരശീലയിലെ തേരോട്ടം. നെൽസന്റെ പതിവ് ശൈലിയിലുള്ള ചിത്രമായിരിക്കും ‘ജയിലർ’ എന്ന് ഒരു വിഭാഗം പ്രേക്ഷകർ ആദ്യമേ തന്നെ വിധി എഴുതിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ ‘ഡോക്ടർ’ എന്ന മുൻകാല ചിത്രവുമായി ഏറെ സമാനതകൾ ഉണ്ടെന്ന് ആരോപിച്ച് ചിത്രത്തിന്റെതായി പുറത്തുവന്ന പ്രൊമോഷണൽ കണ്ടന്റിനെ മുൻനിർത്തി സോഷ്യൽ മീഡിയയില്‍ കടുത്ത ഭാഷയിൽ വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ അതിനൊക്കെ മറുപടിയായി മാറുകയാണ് നെൽസന്റെ സംവിധാന മികവിൽ തലൈവർ രജനിയുടെ തിരശീലയിലെ വിളയാട്ടം. റിട്ടയർമെന്റിനുശേഷം കുടുംബത്തോടൊപ്പം സ്വജീവിതം നയിക്കുന്ന മുത്തുവേൽ പാണ്ഡ്യനിലൂടെയാണ് ജയിലറുടെ കഥ തുടങ്ങുന്നത്. ഭാര്യയും മകനും മരുമകളും അടങ്ങുന്ന കൊച്ചു കുടുംബം. വിരസത തോന്നിപ്പിക്കാതെ കുടുംബ സ്നേഹവും കൊച്ചു കൊച്ചു തമാശകളും ആയി കഥ മുന്നേറുന്നു. പിന്നീട് തന്റെ പൊലീസുകാരനായ മകൻ ഗ്യാങ്സ്റ്റേഴ്സും ആയി ഉണ്ടാക്കുന്ന ഒരു പ്രശ്നത്തെ തുടർന്ന് മുത്തുവേൽ പാണ്ഡ്യന്റെ ‘ടൈഗർ കാ ഹുക്കും’ ആരംഭിക്കുകയായി. രംഗങ്ങൾക്ക് കൊഴുപ്പേകി അനിരുദ്ധിന്റെ സംഗീത വിസ്ഫോടനം.
മഞ്ഞ കണ്ണടയും പൂക്കൾ ഷർട്ടുമായി രജനിക്കൊത്ത സ്ക്രീൻ പ്രെസൻസുമായി മലയാളത്തിന്റെ സ്വന്തം ലാലേട്ടനും എത്തുന്നു. വിനായകന്റെ പ്രതിനായക വേഷവും ശ്രദ്ധ നേടുന്നുണ്ട്. കന്നട നടൻ ശിവരാജ് കുമാറും കയ്യടി നേടുന്നു. ചിത്രത്തിലെ കോമഡി രംഗങ്ങൾ എല്ലാം തന്നെ കൃത്യമായി കാണികളില്‍ വർക്കൗട്ട് ആയിട്ടുണ്ട്. ഡി ഏജിങ് സംവിധാനത്തിലൂടെ രജനിയുടെ ചെറുപ്പകാലം തിരശീലയിലേക്ക് കൊണ്ടുവന്നത് ചിത്രത്തിലെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിൽ ഒന്നായി. കഥയിൽ വലിയ പുതുമകളൊന്നും പ്രതീക്ഷിക്കാൻ ഇല്ലങ്കിലും രസച്ചരട് എവിടെയും മുറിഞ്ഞു പോകുന്നില്ല എന്നതുതന്നെ പറയാം. രജനീകാന്ത് എന്ന പ്രതിഭയുടെ ഗ്രേസിൽ പ്രേക്ഷകർ മറ്റെല്ലാ കുറവുകളും മറക്കും.
നെൽസന്റെ കയ്യടക്കത്തോടെയുള്ള സംവിധാന മികവും എടുത്തു പറയേണ്ടതാണ്. മാത്രമല്ല വർഷങ്ങൾക്ക് ശേഷം തലൈവർ രജനിയിലെ ബിസിനസ് ആസ്പെക്ട് കൃത്യമായി ഉപയോഗപ്പെടുത്തിയ ചിത്രം കൂടിയാണ്
ജയിലർ.