


ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിലും വിദ്യാർഥി പ്രക്ഷോഭങ്ങളിലും പ്രതികരിച്ച് അർദ്ധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട വീഡിയോ സന്ദേശത്തിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികളുടെ ബുദ്ധിയെ പരിഹസിക്കരുതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
തന്റെ എക്സ് ഹാൻഡിലിലൂടെ പങ്കുവെച്ച സന്ദേശത്തിൽ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കുമുന്നിൽ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുക. സമരം ചെയ്ത വിദ്യാർത്ഥികളെ മർദ്ദിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക, വിഷയത്തിൽ വിദ്യാർത്ഥികളോട് മാപ്പുപറയുക എന്നീ ആവശ്യങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.
പരീക്ഷ തട്ടിപ്പുകൾ തടയാൻ അതിവേഗ കോടതികളും കടുത്ത ശിക്ഷാനടപടികളും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം അടുത്ത ആഴ്ച പാർലമെന്റിൽ കൊണ്ടുവരുമെന്ന് അർദ്ധരാത്രിയിലെ സന്ദേശത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മറുപടി. വിഷയത്തിൽ ഒരൊറ്റ ദിവസം തന്നെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണമായിരുന്നു ഇത്.