ലണ്ടൻ : 14 വർഷങ്ങൾക്ക് ശേഷം ബ്രിട്ടനിൽ അധികാരം പിടിച്ചെടുത്ത ലേബർ പാർട്ടി തിരിച്ചു വരവിൽ ബ്രിട്ടീഷ് പാർലമെന്റിൽ പുതിയ ചരിത്രം കൂടി രേഖപ്പെടുത്തി. ഇതാദ്യമായി ബ്രിട്ടനിൽ ധനമന്ത്രിയായി ഒരു വനിത അധികാരത്തിൽ എത്തി. മുൻ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ 45കാരി റേച്ചൽ റീവ്സാണ് കെയ്ർ സ്റ്റാർമർ മന്ത്രിസഭയിലെ ധനമന്ത്രി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാർക്കും ധനമന്ത്രി റേച്ചൽ റീവ്സിനും മുന്നിലുള്ളത്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ ഇന്ത്യൻ വംശജനായ ഋഷി സുനക് രാജി വച്ചിരുന്നു. പിന്നാലെയാണ് കെയ്ർ സ്റ്റാർമർ അധികാരമേറ്റത്. പൊതു തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ലേബർ പാർട്ടി അധികാരം പിടിച്ചത്. 411 സീറ്റുകൾ പിടിച്ചാണ് ലേബർ പാർട്ടി വിജയിച്ചത്. കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റുകൾ മാത്രമാണ് നേടാനായത്. ലിബറൽ ഡെമോക്രാറ്റ്സ് പാർട്ടിക്ക് 71 സീറ്റുകളും കിട്ടി. കേവല ഭൂരിപക്ഷത്തിനു 326 സീറ്റുകളാണ് വേണ്ടത്. ഇതും മറികടന്നാണ് ലേബർ പാർട്ടിയുടെ കുതിപ്പ്.
കഴിഞ്ഞ തവണത്തേതിൽ നിന്നു 209 സീറ്റുകളാണ് ലേബർ പാർട്ടിക്ക് അധികം കിട്ടിയത്. കൺസർവേറ്റീവ് പാർട്ടി 365 സീറ്റിൽ നിന്നാണ് 121ലേക്ക് വീണത്. ലിബറൽ ഡെമോക്രാറ്റുകൾ 61 സീറ്റുകൾ കഴിഞ്ഞ തവണത്തേതിൽ നിന്നു അധികം പിടിച്ചെടുത്താണ് 71ൽ എത്തിയത്. തോൽവിക്ക് പിന്നാലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനു ഋഷി സുനക് രാജിക്കത്ത് കൈമാറുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടി നേതാവ് സ്ഥാനവും ഋഷി സുനക് ഒഴിഞ്ഞു. പിന്നീട് കെയ്ർ സ്റ്റാർമർ കൊട്ടാരത്തിലെത്തി. സർക്കാർ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും ചാൾസ് രാജാവ് അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചു. പിന്നാലെ പുതിയ പ്രധാനമന്ത്രിയായി സ്റ്റാർമറെ ചാൾസ് രാജാവ് നിയമിച്ചു.