വാഷിങ്ടണ്‍ : അമേരിക്കയില്‍ റാബിറ്റ് ഫിവര്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ യുഎസില്‍ റാബിറ്റ് ഫിവര്‍ അഥവാ ടുലാരീമിയ കേസുകളില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
ഫ്രാന്‍സിസെല്ല ടുലാരന്സിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് ടുലാരീമിയ. രോഗം ബാധിച്ച മൃഗത്തില്‍ നിന്ന് നേരിട്ടോ ഈച്ചകള്‍ മുഖേനയോ മനുഷ്യര്‍ക്ക് രോഗം പകരാറുണ്ട്. അണ്ണാന്,മുയല്, എലി, പെരുച്ചാഴി, മാന്‍, പട്ടി, പൂച്ച, ചെമ്മരിയാട് എന്നീ മൃഗങ്ങളേയും ചില പക്ഷികളേയും ഈ രോഗം ബാധിക്കാറുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കം കൊണ്ടും ശരിയായ വിധത്തില്‍ പാകം ചെയ്യാതെ മാംസം കഴിക്കുന്നതു വഴിയും മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ കൊണ്ട് മലിനമായ ജലം കുടിക്കുന്നതുകൊണ്ടും മൃഗങ്ങളെ കടിച്ച പ്രാണികളുടെ കടിയേല്‍ക്കുന്നതും വഴിയും രോഗം മനുഷ്യരിലേയ്ക്ക് സംക്രമിക്കാറുണ്ട്.
2000ത്തില്‍ മസാച്യുസെറ്റ്സിലെ ഒരു മുന്തിരിത്തോട്ടത്തിലാണ് ഈ രോഗം ആദ്യമായി പകര്‍ന്ന് പിടിച്ചത്. ആറ് മാസത്തോളം ഈ രോഗം പടര്‍ന്നു പിടിക്കുകയും അതിന്റെ ഫലമായി ഒരാള്‍ മരിക്കുകയും ചെയ്തു. 15 പേര്‍ക്കാണ് അന്ന് രോഗം പിടിപെട്ടത്. 5 മുതല്‍ 9 വയസ് വരെ പ്രായമുള്ള കുട്ടികള്‍, 65-84 വയസുവരെ പ്രായമുള്ള പുരുഷന്മാര് എന്നിവര്‍ ഉയര്‍ന്ന അപകടസാധ്യത മേഖലയില്‍ ഉള്‍പ്പെടുന്നവരാണ്. രക്ത പരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാണെങ്കിലും രോഗനിര്‍ണയം പലപ്പോഴും ദുഷ്കരമാകാറുണ്ട്.