ദോഹ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള ഒന്നിലധികം വിഷയങ്ങളില്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി പറഞ്ഞു.വാഷിംഗ്ടണ്‍ പോസ്റ്റിലെ ലാലി വെയ്മൗത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ദ്ധിച്ചുവരുന്ന ക്രമരഹിതമായ ലോകത്തെ സുസ്ഥിരമാക്കാനുള്ള ഖത്തര്‍ നടത്തിവരുന്ന ശ്രമങ്ങളെ കുറിച്ച് അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.ഗസ-ഇസ്രായേല്‍ സംഘര്‍ഷം,ഇറാന്-അമേരിക്ക ആണവ കരാര്‍,സിറിയയിലെ യു.എസ് ഉപരോധം തുടങ്ങിയ വിഷയങ്ങളില്‍ ഖത്തര്‍ നടത്തിവരുന്ന ഇടപെടലുകളും നിലപാടുകളും അദ്ദേഹം ആവര്‍ത്തിച്ചു.
അമേരിക്കന്‍, ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതില്‍ ഖത്തര്‍ വഹിച്ച പങ്കിനെക്കുറിച്ച് പരാമര്‍ശിക്കവേ, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഖത്തറിന്റെ മധ്യസ്ഥതയില്‍ 130 ലധികം ബന്ദികളെ മോചിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
”ഒക്ടോബര്‍ 7 ന് ഒരു മാസത്തിനു ശേഷം, 2023 നവംബറിലാണ് ആദ്യ കരാറിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച നടത്തിയത്.ഇതേതുടര്‍ന്ന് സ്ത്രീകളും കുട്ടികളും വിദേശികളും ഉള്‍പെടെ 105 പേരെ വിട്ടയച്ചു. രണ്ടാമത്തെ വെടിനിര്‍ത്തല്‍ 2025 ജനുവരി വരെ ഞങ്ങളെ നീട്ടി.ഖത്തര്‍, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന തടവുകാരുടെ കൈമാറ്റത്തിലൂടെ 33 ബന്ദികളെ കൂടി ഞങ്ങള്‍ക്ക് മോചിപ്പിക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ളവരെ കൂടി മോചിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവരികയാണ്.’
മധ്യസ്ഥ ശ്രമങ്ങളിലെ നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മധ്യസ്ഥനെന്ന നിലയില്‍, ഏതെങ്കിലുമൊരു കക്ഷിയെ മറ്റൊന്നിനേക്കാള്‍ കൂടുതല്‍ വിമര്‍ശിക്കാതിരിക്കാന്‍ ഖത്തര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും, എന്നാല്‍ ആദ്യ കരാറില്‍ നിരവധി പ്രശ്നങ്ങളും ലംഘനങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരാറിന്റെ രണ്ടാം ഘട്ടവുമായി മുന്നോട്ടുപോകുന്നതിന് ഇത് പ്രയാസമുണ്ടാക്കിയെന്നും കക്ഷികള്‍ക്കിടയില്‍ വിശ്വാസം നേടിയെടുക്കുന്നതിന് ഇത് തടസ്സമായെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന് അല്‍താനി പറഞ്ഞു.
ബന്ദികളുടെ ജീവന് അപകടത്തിലാണോ എന്ന ചോദ്യത്തിന്, ”ഗാസയിലെ മറ്റ് സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന ഏതൊരു അപകടസാധ്യതയും ബന്ദികള്‍ക്കും നേരിടേണ്ടിവരും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് മുമ്പ് എന്തെങ്കിലും ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും രാവും പകലും ഞങ്ങള്‍ ഞങ്ങളുടെ പരമാവധി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.