ഇസ്ലാമാബാദ് : പാക് സൈന്യത്തിന്റെ വിമര്‍ശകനും പഷ്തൂണ്‍ തഹാഫുസ് മൂവ്മെന്റ് തലവനുമായ മൻസൂർ പഷ്തീനിനെ കാണാതായതായി റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് ഒരു പ്രതിഷേധത്തിനിടെ മന്‍സൂറിനെ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നില്‍ പാക് രഹസ്വാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.
പ്രതിഷേധ പ്രകടനത്തിന് ഡിസംബര്‍ നാലിന് അറസ്റ്റിലായ മൻസൂർ പഷ്തീനിനെ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്ന് പാകിസ്ഥാന് ദേശീയ അസംബ്ലി മുന്‍ അംഗം മൊഹ് സിന് ദാവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ നടപടി പരസ്യമായ നിയമലംഘനമാണെന്നും ദാവര്‍ കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് വാഹനത്തിന് നേര്‍ക്ക് വെടിവെച്ചു എന്ന കുറ്റത്തിനാണ് മന്‍സൂര്‍ പഷ്തൂണിനെ അറസ്റ്റ് ചെയ്യുന്നത്. ചമനില്‍ നിന്നും ടര്‍ബറ്റിലേക്ക് വരുന്നതിനിടെ, പഷ്തീന്റെ വാഹനത്തിന് നേര്‍ക്ക് പൊലീസ് വെടിവെക്കുകയായിരുന്നുവെന്നാണ് പിടിഎം ആരോപിക്കുന്നത്.
നിര്‍ബന്ധിത തിരോധാനങ്ങളിലും അവകാശ പ്രവര്‍ത്തകരെ നിയമവിരുദ്ധമായി കൊലപ്പെടുത്തുന്നതിലും പാക് സൈന്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പ്രസ്ഥാനമാണ് പഷ്തൂണ്‍ പ്രൊട്ടക്ഷന്‍ മൂവ്മെന്റ്.