ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടി പാകിസ്ഥാന് തെഹരീക് പാര്‍ട്ടിക്ക് മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 264 സീറ്റില്‍ 101 സീറ്റ് പിടിഐ വിജയിച്ചു. തെരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാല്‍ ഇമ്രാന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ സ്വതന്ത്രരായാണ് മത്സരിച്ചിരുന്നത്.
അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവലഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിച്ചില്ല. ഭൂരിപക്ഷത്തിന് ഇമ്രാന്റെ പാര്‍ട്ടിക്ക് 32 സീറ്റിന്റെ കുറവുണ്ട്. അഴിമതിക്കേസില്‍ ഇമ്രാന് ജയിലിലാണ്. സൈന്യത്തിന്റെ പിന്തുണയുള്ള, മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന് മുസ്ലിം ലീഗിന് 73 സീറ്റുകളാണ് ലഭിച്ചത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്ക് 54 സീറ്റും ലഭിച്ചു. തൂക്കുപാര്‍ലമെന്റ് വന്നതോടെ, കുതിരക്കച്ചവടത്തിനും അവസരമൊരുങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ സ്ഥിരത കണക്കിലെടുത്ത് പാര്‍ട്ടികള്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണം ഉയര്‍ന്ന ഏതാനും പോളിങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ ഫെബ്രുവരി 15 ന് റീ പോളിങ് നടക്കും. പാകിസ്ഥാന് പാര്‍ലമെന്റിലെ 265 സീറ്റുകളിലേക്കാണ് ഫെബ്രുവരി എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടന്നത്.