ഗാസയിലെ സ്ഥിതി അതിസങ്കീര്‍ണമെന്ന് ഐക്യരാഷ്ട്രസഭ. വെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് തിരിച്ചടിയാകുന്നത്. ഇന്ധനപ്ലാന്റ് അടച്ചതോടെ ജനറേറ്ററുകളിലാണ് ആശ്രയം. ഗാസയിലെ 50,000 ഗര്‍ഭിണികള്‍ക്ക് അവശ്യമായ ആരോഗ്യ സേവനങ്ങളോ ശുദ്ധജലമോ ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ.
ഇസ്രയേലില്‍നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കില്ലെന്ന് ഊര്‍ജ മന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം യുദ്ധം ഏഴാം ദിവസത്തേക്ക് കടക്കുമ്പോള്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേല്‍. ഹമാസ് ആക്രമണത്തില്‍ 1300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 3,300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ 1500 പേര് ഗാസയില്‍ കൊല്ലപ്പെടുകയും 6200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഹമാസ് ആക്രമണത്തില്‍ സുരക്ഷ വീഴ്ച ഇസ്രയേല്‍ സമ്മതിച്ചു. ഹമാസ് ആക്രമണത്തെ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഗാസ മുനമ്പില്‍ സൈന്യം തമ്പടിച്ചിട്ടുള്ളതായി ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗാസ മുനമ്പ് പൂര്‍ണമായും തങ്ങളുടെ അധീനതയിലായെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. യുദ്ധം മുറുകുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചു.