ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ച യുവതിക്ക് ട്യൂമർ സൃഷ്ടിച്ച സങ്കീർണത മറികടന്ന് സുരക്ഷിത പ്രസവത്തിന് വഴിയൊരുക്കി കൊച്ചി അമൃത ആശുപത്രി.ദുബൈയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ശ്രുതിയാണ് ‘പ്ലാസന്റൽ കൊറിയോആൻജിയോമ’ എന്ന ട്യൂമർ മറുപിള്ളയിൽ (പ്ലാസന്റ) കണ്ടെത്തിയതിനെ തുടർന്ന് ഗർഭകാലത്തിന്റെ ഇരുപത്തിയൊന്നാമത്തെ ആഴ്ചയിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്.
അമൃതയിലെ ഫീറ്റൽ മെഡിസിൻ വിഭാഗം മേധാവി ഡോ.വിവേക് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം ‘ഗ്ളൂ എമ്പോളൈസേഷൻ’ എന്ന ചികിത്സാ രീതിയാണ് ട്യൂമറിന്റെ അപകടകരമായ വളർച്ച നിയന്ത്രിക്കാനായി ഉപയോഗിച്ചത്. മറുപിള്ളയിൽ നിന്നും ഗർഭസ്ഥശിശുക്കളിലേക്കുള്ള രക്തപ്രവാഹം നിലനിർത്തിക്കൊണ്ട് ട്യൂമറിലേക്കുള്ള രക്തപ്രവാഹത്തെ മാത്രമായി തടസപ്പെടുത്തുകയാണ് ഈ ചികിത്സയിലൂടെ ചെയ്തത്. തുടർന്ന് ദുബൈയിലേക്ക് മടങ്ങിയ യുവതി മുപ്പത്തിയാറാമത്തെ ആഴ്ചയിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.
ഗർഭസ്ഥശിശുവിന്റെ ഹൃദയ പരാജയത്തിനും തുടർന്ന് മരണത്തിനും കാരണമായേക്കാവുന്ന രോഗാവസ്ഥയാണ് പ്ലാസന്റൽ കൊറിയോആൻജിയോമയെന്നും ഇരട്ട ഗർഭധാരണത്തിൽ ആദ്യമായാണ് ഗ്ളൂ എമ്പോളൈസേഷൻ ഉപയോഗിക്കപ്പെടുത്തുന്നതെന്നും ഡോ. വിവേക് കൃഷ്ണൻ പറഞ്ഞു. ഡോ. ധന്യ കീഴാറ്റൂർ, ഡോ.ശ്രുതി സോമൻ എന്നിവർ ചികിത്സയിൽ പങ്കാളികളായി.