തിരുവനന്തപുരം : അതിശക്തമായ മഴയ്ക്ക് ശമനമായതോടെ പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കാൻ തീരുമാനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നവംബർ 22നാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളും നാളെ മുതൽ തുറന്നു പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്.
എന്നാൽ ജലാശയങ്ങളിൽ ഇറങ്ങുന്നതിന് സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം ഡിഎഫ്ഒ അറിയിച്ചു.
ഇന്ന് ഒരു ജില്ലയിലും പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്കാണ് സാധ്യത. മാലിദ്വീപ് മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്.
ഞായറാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നവംബര്‍ 29 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിനും മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും.