തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെ ലൈംഗികമായി അധിക്ഷേപിച്ച മുന്‍ സബ് ജഡ്ജി എസ് സുദീപിനെതിരെ കേസെടുത്തു.
ജൂലൈ എട്ടിന് സിന്ധു സൂര്യകുമാറിനെ ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയാണ് എസ് സുദീപിൻറെ അധിക്ഷേപം. അശ്ലീലമായ പരാമർശം നടത്തി സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്നുമാണ് പരാതി. പരാതിയിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സുദീപിനെതിരെ കേസെടുത്തു.
സിന്ധു സൂര്യകുമാറിന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന രീതിയിലും ചാനലിനെയും ചാനലിന്റെ മുൻനിരയിലുള്ളവരേയും അപമാനിക്കുന്ന തരത്തിലുള്ളതുമായിരുന്നു എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്. പോസ്റ്റ് വൈറലായതിന് പിന്നാലെ എസ് സുദീപിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ക്രിമിനൽ വകുപ്പുകളായ 354A(iv) IPC, 67 IT Act 2000 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജോലി രാജി വെച്ച ശേഷം സിപിഎമ്മിനായി സാമൂഹ്യ മാധ്യമങ്ങളിൽ ഏകപക്ഷീയ നിലപാടുകൾ കൈക്കൊള്ളൂന്ന വ്യക്തിയാണ് സുധീപ്. കര്‍ക്കിടകം ശബരിമല അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ എസ് സുദീപ് സോഷ്യൽ മീഡിയ വഴി നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയുടെ അന്വേഷണത്തിന് പിന്നാലെ 2021ല്‍ സബ് ജഡ്ജി സ്ഥാനത്ത് നിന്ന് ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ എസ് സുദീപിന് രാജി വച്ചൊഴിയേണ്ടി വന്നു.
ന്യായാധിപന്മാര്ക്ക് യോജിക്കാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനം സമൂഹമാധ്യമങ്ങളില്‍ നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു. വിവാദപരമായ കാര്യങ്ങളില്‍ പ്രതികരിക്കരുതെന്ന ചട്ടം എസ് സുദീപ് ലംഘിച്ചെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. ഇതിനുപിന്നാലെയാണ് സുദീപ് രാജി വച്ചൊഴിഞ്ഞത്. രാജിയ്ക്ക് പിന്നാലെ, ഹൈക്കോടതിയുടെ വിധികളേയും ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ വിമര്‍ശിച്ചിരുന്നു.