ടോക്കിയോ : ജപ്പാന് വിമാന ദുരന്തത്തില്‍ അഞ്ചുമരണം. ടോക്കിയോ വിമാനത്താവളത്തില്‍ ജപ്പാന് യാത്രാവിമാനവും കോസ്റ്റ് ഗാര്‍ഡ് വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തിലാണ് അപകടം ഉണ്ടായത്. ജപ്പാന് കോസ്റ്റ് ഗാര്‍ഡ് വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോസ്റ്റ് ഗാര്‍ഡ് ക്യാപ്റ്റനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ടോക്കിയോ ഹനേദ വിമാനത്താവളത്തിലാണ് സംഭവം. 379 യാത്രക്കാര്‍ ഉണ്ടായിരുന്ന ജപ്പാന് എയര്‍ലൈന്‍സ് വിമാനവുമായാണ് കോസ്റ്റ് ഗാര്‍ഡ് വിമാനം കൂട്ടിയിടിച്ചത്. യാത്രാ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാന് എയര്‍ലൈന്‍സ് അറിയിച്ചു.
റണ്‍വേയില്‍ വച്ചാണ് കൂട്ടിയിടി സംഭവിച്ചത്. പിന്നാലെ വിമാനങ്ങളില്‍ തീപടരുകയായിരുന്നു. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഹനേദ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു റിപ്പോര്‍ട്ട്. വിമാനത്തിന്റെ ജനാലകളില്‍ കൂടി തീനാളങ്ങള്‍ പുറത്തേക്കുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ജപ്പാനിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഹനേദ.