സാവോ ടോം : പശ്ചിമ ആഫ്രിക്കന്‍ തീരത്തുനിന്ന് ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 കപ്പല്‍ ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബിട്ടു റിവര്‍ എന്ന കപ്പലിനെയാണ് കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചത്.
പശ്ചിമാഫ്രിക്കയിലെ സാവോ ടോമിന്റെയും പ്രിന്‍സിപ്പെയുടെയും തീരത്ത് വച്ചാണ് ബിട്ടു റിവര്‍ എന്ന ടാങ്കര്‍ കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരില്‍ 10 ജീവനക്കാരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.ലോമില്‍ നിന്ന് ഡൗവാലയിലേക്കുള്ള യാത്രക്കിടയിലാണ് കടല്‍ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായത്. റൂബിസ് എനര്‍ജി എസ്എഎസ് ന്റെ ഉടമസ്ഥതയിലുള്ള താണ് കപ്പല്‍.
ഇന്ത്യയിലെ മാരിടെക് ടാങ്കര്‍ മാനേജ്മെന്റാണ് കപ്പല്‍ മാനേജ് ചെയ്യുന്നത്. ആയുധങ്ങളുമായെത്തിയ മൂന്ന് അക്രമികളാണ് പത്തുപേരെ തട്ടിക്കൊണ്ട് പോയത്. ആക്രമണത്തിനിടെ സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.