ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം. പരിപാടിയുടെ ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടായോ എന്നാണ് പരിശോധിക്കുക.
പരിപാടിയില്‍ ശാരീരികമായ ഉപദ്രവം അടക്കമുള്ള നിയമവിരുദ്ധതയുണ്ടോയെന്ന് പരിശോധിക്കുമെന്നും ലംഘനം കണ്ടെത്തിയാല്‍ പരിപാടി നിര്‍ത്തിവെപ്പിക്കണമെന്നും ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖും എം.എ. അബ്ദുള്‍ ഹക്കീമും ചൂണ്ടിക്കാട്ടി. ദിവസങ്ങള്‍ക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത ഒരു എപ്പിസോഡില്‍ സിജോ ജോണ്‍ എന്ന മത്സരാര്‍ത്ഥിയെ സഹ മത്സരാര്‍ത്ഥിയായ റോക്കി എന്ന ഹസീബ് എസ്.കെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. തുടര്‍ന്ന് റോക്കിയെ പരിപാടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പ്രസ്തുത സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിനുപുറമെ ബിഗ് ബോസ് പരിപാടിയില്‍ LGBTQIA+ കമ്മ്യൂണിറ്റിയെ മോശമായി ചിത്രീകരിച്ചെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പരിപാടിയുടെ സംഘാടകരായ എന്‍ഡമോള്‍ ഷൈൻ, സ്റ്റാര്‍ ഇന്ത്യ, അവതാരകൻ മോഹന്‍ലാൽ, മത്സരാര്‍ത്ഥിയായ റോക്കി എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. ഈ മാസം 25ന് ഹർജി വീണ്ടും പരിഗണിക്കും.