30 വർഷത്തിനുശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ആണ് അടുത്തമാസം 14 മുതൽ 25 വരെ നടക്കുന്ന മേളയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. പായലിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം.
ഷാജി എൻ. കരുൺ സംവിധാനംചെയ്ത് 1994-ൽ പുറത്തിറങ്ങിയ സ്വം ആണ് ഇതിനുമുമ്പ് കാൻ ചലച്ചിത്രമേളയിൽ പാം ഡിയോർ പുരസ്കാരത്തിനായി മത്സരിച്ചത്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് കാനിൽ മത്സരിക്കുന്നുവെന്ന് ചലച്ചിത്രമേളയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാൻസിസ് ഫോർഡ് കോപ്പോള, ഷോൺ ബേക്കർ, യോർഗോസ് ലാന്തിമോസ്, പോൾ ഷ്രെയ്ഡർ, മാഗ്നസ് വോൺ ഹോൺ, പൗലോ സൊറെന്റീനോ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങൾക്കൊപ്പമാണ് പായലിന്റെ ചിത്രവും മത്സരിക്കുക.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിച്ചിരിക്കുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങൾ മുമ്പും വിവിധ ചലച്ചിത്രമേളകളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പായൽ സംവിധാനംചെയ്ത എ നൈറ്റ് നോയിങ് നത്തിങ് എന്ന ചിത്രം 2021-ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു.