ജെറുസലേം: പശ്ചിമേഷ്യയെ ചോരക്കളമാക്കി ഇസ്രയേല്‍- ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് റഷ്യയിലേക്ക്. മോസ്കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മഹമൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
പലസ്തീന് അംബാസിഡര്‍ അബ്ദുള്‍ ഹഫീസ് നോഫലിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധത്തില്‍ ഹമാസിനെ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്ന് റഷ്യ നിലപാട് സ്വീകരിച്ചിരുന്നു. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കണമെന്ന് യുഎന്‍ രക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അമേരിക്ക ആവശ്യപ്പെട്ടപ്പോള്‍, റഷ്യ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പലസ്തീന് പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനം.
സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് കഴിഞ്ഞദിവസം പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി സംസാരിച്ചിരുന്നു.
പലസ്തീന് ജനതയുടെ മാന്യമായ ജീവിതത്തിനും, ശാശ്വതമായ സമാധാനത്തിനും ഗള്‍ഫ് രാജ്യം ഒപ്പമുണ്ടാകുമെന്ന് സൗദി കിരീടാവകാശി മഹമൂദ് അബ്ബാസിനെ അറിയിച്ചു.